കൊളംബോ : ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്താനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. മഴയെത്തുടര്‍ന്ന് കൊളംബോയില്‍ രണ്ടു ദിവസമായി നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 228 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന് 32 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അവസാന ബാറ്റര്‍മാരായ ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ പരുക്കിനെത്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയില്ല.
എട്ടോവറില്‍ വെറും 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിജയശില്‍പി. ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. പാക് നിരയില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 27 റണ്‍സ് നേടിയ ഓപ്പണര്‍ ഫഖര്‍ സമാനാണ് ടോപ് സ്‌കോറര്‍. 23 റണ്‍സ് വീതം നേടിയ മധ്യനിര താരങ്ങളായ അഗാ സല്‍മാന്‍, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ പാക്കിസ്താനെതിരേ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ഇതിനു മുമ്പ് 2008-ല്‍ ധാക്കയില്‍ നേടിയ 140 റണ്‍സിന്റെ ജയമായിരുന്നു ഇന്ത്യയുടെ റെക്കോഡ്.നേരത്തേ സെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും മധ്യനിര താരം കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്.