
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ രണ്ട് മെഡലുകൾ സ്വന്തമാക്കി ഇന്ത്യ. കാർത്തിക് കുമാർ വെള്ളിയും ഗുൽവീർ സിങ് വെങ്കലവും കരസ്ഥമാക്കി.
28 മിനിറ്റ് 15.38 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കാർത്തിക് വെള്ളി നേടിയത്. 17.21 സെക്കൻഡിലായിരുന്നു ഗുൽവീർ വെങ്കലം സ്വന്തമാക്കിയത്. നിലവിൽ 10 സ്വർണവും 14 വെള്ളിയും 14 വെങ്കലവുമടക്കം 38 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
28 മിനിറ്റിൽ 13.62 സെക്കൻഡിൽ ഓടിയെത്തി ബഹ്‌റൈന്റെ ബിർഹാൻ യെമതാവ് ബാലെയാണ് സ്വർണം സ്വന്തമാക്കിയത്. നേരത്തെ സ്‌ക്വാഷ് ഫൈനലിൽ പാകിസ്താനെ 2-1-ന് ഇന്ത്യൻ പുരുഷ ടീം കീഴടക്കിയിരുന്നു. ഇതോടെ 10-ാം സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്.