
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് സ്വർണം. ടീമിനത്തിൽ ജ്യോതി വെന്നാനം, അതിഥി സ്വാമി, പർനീത് കൗർ എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഫൈനലിൽ ചൈനീസ് തായ്പേയിയെയാണ് ഇന്ത്യ തകർത്തത്. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 19 ആയി ഉയർന്നു. 31 വെള്ളിയും 32 വെങ്കലവും ഉൾപ്പടെ 82 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. കഴിഞ്ഞ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ 81 മെഡലെന്ന നേട്ടം ഇന്ത്യ മറികടന്നിരുന്നു.
അതേസമയം, പി.വി സിന്ധു ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ പുറത്തായത് ഇന്ത്യക്ക് നിരാശയായി. ചൈനയുടെ ഹി ബിങ്ജിയോയോടാണ് സിന്ധു തോറ്റത്. 16-21, 12-21 എന്ന് സ്കോറിനായിരുന്നു തോൽവി. ഗുസ്തിയിൽ പൂജ ഗെഹ്ലോട്ട് ഫൈനലിൽ കടന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അവർ ഫൈനലിൽ കടന്നത്.
മെഡൽ നിലയിൽ ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. 171 സ്വർണവും 94 വെള്ളിയും 51 വെങ്കലവും ഉൾപ്പടെ 316 മെഡലുമായാണ് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 37 സ്വർണവും 51 വെള്ളിയും 59 വെങ്കലവും ഉൾപ്പടെ 147 മെഡലുമായി ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 33 സ്വർണവും 45 വെള്ളിയും 70 വെങ്കലവുമായി കൊറിയയാണ് മൂന്നാമത്.