
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം. 33-29 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെ ഗെയിംസിലെ 28ാം സുവര്‍ണ നേട്ടമാണിത്. വാശിയേറിയ പോരാട്ടത്തില്‍ 26-25 എന്ന സ്‌കോറിനായിരുന്നു കബഡിയില്‍ ഇന്ത്യന്‍ വനിതകളുടെ നേട്ടം. അതിനു പിന്നാലെയാണ് പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചിരിക്കുന്നത്.
നേരത്തെ പുരുഷ വനിതാ ക്രിക്കറ്റിലും പുരുഷ വനിതാ അമ്പെയ്ത്തിലും ഇന്ത്യ ഇരട്ട സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ 100 മെഡലുകളെന്ന അതുല്യ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കബഡിയിലെ സുവര്‍ണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടുകയും ചെയ്തതോടെ ആകെ മെഡല്‍ നേട്ടം 103ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം മെഡലുകളും ഇന്ത്യ ഇതുവരെ ഗെയിംസില്‍ സ്വന്തമാക്കി.