എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ; മധ്യപ്രദേശും ഛത്തിസ്ഗഡും കോണ്‍ഗ്രസിന്, രാജസ്ഥാന്‍ ബിജെപിക്ക്, തെലങ്കാനയും മിസോറവും ഭരണം നിലനിർത്തും

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം വന്നു. മധ്യപ്രദേശും ഛത്തിസ്ഗഡും കോണ്‍ഗ്രസ് സ്വന്തമാക്കുമ്പോള്‍ രാജസ്ഥാനില്‍ ബിജെപിക്കാണ് ആധ്യപത്യമെന്ന് സര്‍വേ പറയുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം സര്‍വേ പ്രവചിക്കുന്നു. 230 സീറ്റുകളില്‍ 118 മുതല്‍ 130 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് സ്വന്തമാക്കും. ബിജെപിക്ക് 99-111 സീറ്റുകളാകും ലഭിക്കുക. മറ്റുള്ളവര്‍ക്ക് പരമാവധി രണ്ടു സീറ്റുകള്‍ ലഭിക്കാമെന്നും സര്‍വേ പറയുന്നു. 45% ശതമാനം വോട്ട് വിഹിതം സ്വന്തമാക്കിയാകും കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തിരിച്ചുവരികയെന്നാണ് പ്രവചനം.

രാജസ്ഥാനില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. 200 സീറ്റില്‍ 114 മുതല്‍ 124 വരെ സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയേക്കും. കോണ്‍ഗ്രസ് 66-77 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു.മറ്റുള്ളവര്‍ 5-13 സീറ്റാകും നേടുക. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് 41 ശതമാനം പേരും കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ടിനെ പിന്തുണച്ചു. 21 ശതമാനം പേര്‍ വസുന്ധരെ രാജയേയും 11 ശതമാനം സച്ചിന്‍ പൈലറ്റിനായും അഭിപ്രായം രേഖപ്പെടുത്തി.

ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 90 സീറ്റില്‍ കോണ്‍ഗ്രസ് 45 മുതല്‍ 51 സീറ്റുകള്‍ വരെ നേടാം. ബിജെപിക്ക് 36 മുതല്‍ 42 വരെ സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് പരമാവധി അഞ്ചു സീറ്റുകളാകും ലഭിക്കുക എന്നും സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ തന്നെ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. 21 ശതമാനം ആള്‍ക്കാള്‍ രമണ്‍ സിങ്ങിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി.

119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ മൂന്നാംതവണയും ബിആര്‍എസിന് സാധ്യതയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം ബിആര്‍എസ് 49 മുതല്‍ 61 സീറ്റുകള്‍ വരെ നേടാം. അതേസമയം, കടുത്ത മത്സരം കാഴ്ചവച്ച് കോണ്‍ഗ്രസ് 43 മുതല്‍ 55 സീറ്റുകള്‍ വരെ കരസ്ഥമാക്കും.

ബിജെപി 5-11 സീറ്റ്, മറ്റുള്ളവര്‍ 4-10 വരെ സീറ്റ് എന്നിങ്ങനെയാണ് സര്‍വേഫലം. ബിആര്‍എസിന് 41%, കോണ്‍ഗ്രസിന് 39%, ബിജെപിക്ക് 14% എന്നിങ്ങനെയാകും വോട്ട് വിഹിതമെന്നും സര്‍വേ പറയുന്നു. കെ. ചന്ദ്രശേഖര്‍ റാവുവിനു തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ (37%). രേവന്ത് റെഡ്ഡി (31%) ഒവൈസി (2%) എന്നിങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ക്ക് ലഭിച്ച പിന്തുണ.

40 അംഗ മിസോറാം അസംബ്ലിയില്‍ തുടര്‍ച്ചയായി എംഎന്‍എഫിനു തന്നെയാണ് വിജയമെന്നാണ് സര്‍വേ പറയുന്നത്. 17 മുതല്‍ 21 സീറ്റുകളാണ് എംഎന്‍എഫിന് ലഭിക്കുക. കോണ്‍ഗ്രസിന് ആറു മുതല്‍ പത്തു സീറ്റ് വരെ ലഭിക്കാമെന്നും ഇസഡ്പിഎമ്മിന് പത്തു മുതല്‍ 14 സീറ്റുകള്‍ വരെ ലഭിച്ച് പ്രതിപക്ഷമാകുമെന്നും സര്‍വേ വിലയിരുത്തുന്നു. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റ് വരെ മാത്രം ലഭിക്കാം. എംഎന്‍എഫ്-35%, കോണ്‍ഗ്രസ്- 30%, ഇസഡ്പിഎം- 26% എന്നിങ്ങനെയാകും വോട്ട് വിഹിതമെന്നും സര്‍വേ വ്യക്തമാക്കുന്നു.

Assembly elections in 5 states: ABP-C Voter opinion poll , released today

More Stories from this section

family-dental
witywide