ബാഗ്ദാദ്: ഇറാഖിലെ വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ നഗരത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 150 ഏറെ ആളുകള്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ വധുവും വരനും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. പടക്കം പൊട്ടിച്ചതിനു പിന്നാലെ തീപിടിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ഹംദനിയ. ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ പടക്കം പൊട്ടിക്കുന്നത് വളരെ സാധാരണമാണ്.
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പടക്കത്തില്‍നിന്നാണ് തീ പടര്‍ന്നത് എന്ന് കരുതുന്നു. ഏതാണ്ട് 1000 ആളുകള്‍ സല്‍ക്കാരത്തിന് എത്തിയിരുന്നു. പെട്ടെന്ന് തീ പിടിക്കുന്നവസ്തുക്കള്‍കൊണ്ട് നിര്‍മിച്ച അലങ്കാരങ്ങളും റൂഫ് പാനലും അപകടത്തിന്റെ വ്യാപ്തി കൂട്ടി. പെട്ടെന്ന് തീ പടര്‍ന്ന് പാര്‍ട്ടി നടന്ന ഹാളിലേക്ക് മേല്‍ക്കൂര അടര്‍ന്നുവീണു. അപകടത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത കെട്ടിടമായിരുന്നു അതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എമര്‍ജന്‍സി എക്സിററ് ഉണ്ടായിരുന്നില്ല. പലരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
At least 113 killed, over 150 injured as fire engulfs wedding party