സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണം, മധുവിൻ്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നൽകി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ അപ്പീൽ നടത്തിപ്പിന് സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് സംബന്ധിച്ച് മധുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. ഹൈക്കോടതിയിലെ അപ്പീൽ നടത്തിപ്പിന് മുതിർന്ന അഭിഭാഷകൻ ഡോ. കെപി സതീശനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെയാണ് പരാതി.

മധുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടർന്നാണ് സംസ്ഥാന സർക്കാർ പ്രോസിക്യൂട്ടർമാരെ നിയമിച്ചത്. എന്നാൽ തങ്ങൾക്ക് സ്വീകരാര്യനല്ലാത്ത ആളെയാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്.

സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അഡ്വ.പിവി ജീവേഷിനെയും മണ്ണാർക്കാട് കോടതിയിൽ മധുവിന്റെ കേസ് വാദിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഡ്വ.രാജേഷ് എം മേനോനെയും അഡ്വ.സികെ രാധാകൃഷ്ണനെയും നിയമിക്കണമെന്നായിരുന്നു മധുവിന്റെ കുടംബം സർക്കാരിനോട് അഭ്യർഥിച്ചിരുന്നത്.

ആ കാര്യത്തിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ ആവശ്യം ഉന്നയിച്ച് മധുവിന്റെ കുടംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ വാദം നടന്നു കൊണ്ടിരിക്കെയായിരുന്നു ഡോ. കെപി സതീശനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. ജീവേഷിനെയും അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചതെന്നാണ് മധുവിന്റെ അമ്മയുടെ പരാതി.

മണ്ണാർക്കാട് കോടതിയിൽ മധുവിന്റെ കൊലപാതക കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ സർക്കാർ നിയമിച്ച മൂന്ന് പേർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയിരുന്നു. ഒട്ടനവധി സാക്ഷികൾ സ്വാധീനവലയത്തിൽപ്പെട്ട് കൂറുമാറുകയും ചെയ്തു. പിന്നീട് കുടുംബവും സമരസമിതിയും ശക്തമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് അഡ്വ. രാജേഷ്.എം മേനോനെ നിയമിച്ചത്. അതുകൊണ്ട് മാത്രമാണ് കേസിൽ കുറെ പ്രതികളെങ്കിലും ശിക്ഷിക്കപ്പെട്ടത്.ഈ കേസിൽ പ്രതികൾ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ളവരാണെന്ന് വിചാരണക്കാലത്ത് തന്നെ ബോധ്യപ്പെട്ടിരുന്നു. അതിനാൽ പൂർണവിശ്വാസമുള്ളവരെ മാത്രമേ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ പാടുള്ളൂവെന്നും മധുവിന്റെ അമ്മ പരാതിയിൽ പറയുന്നു.

Attappadi Madhu’s mother pleads Chief justice to change the special public prosecutor

More Stories from this section

family-dental
witywide