മലപ്പുറം: മലപ്പുറം താനൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നലെ രാവിലെ എട്ടരയോടെ സ്കൂട്ടറിലെത്തിയ രണ്ടു പേര് ചേര്‍ന്നാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതോടെ ഇവര്‍ കുട്ടിയെ ഉപേക്ഷിച്ച് സ്കൂട്ടറില്‍ രക്ഷപ്പെട്ടു. പിന്നീട് കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കേസെടുത്ത താനൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖം മറച്ചിരുന്നു. അതുകൊണ്ട് കുട്ടിക്ക് ഇവരെ മനസിലായില്ല. തങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്നും കുട്ടിയെ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
ബന്ധുക്കള്‍ എത്തി പ്രതികളെ തിരിച്ചറിഞ്ഞതോടെ സംഭവം പറ്റിക്കാന്‍ ശ്രമിച്ചതാണെന്ന് ബോധ്യപ്പെടുകയായിരുന്നു. എന്നാല്‍ അയല്‍വാസികളാണെങ്കിലും അതിരു വിട്ട തമാശയ്ക്ക് പോലീസ് കേസെടുക്കുക തന്നെ ചെയ്തു. അതിരുവിട്ട പ്രവൃത്തിയായി കണക്കാക്കി ഇരുവര്‍ക്കുമെതിരെ താനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.