സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മൂവര്‍ സംഘം. നെയ്മറിന്റെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയെയും നവജാത ശിശുവിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നും വിവരമുണ്ട്. സാവോപോളോയിലുള്ള ബ്രൂണയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂന്നു പേര്‍ ബ്രൂണയും കുഞ്ഞും എവിടെയെന്ന് തിരക്കിയെന്നും അവര്‍ സ്ഥലത്തില്ലെന്നറിയിച്ച ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
അക്രമികള്‍ എത്തിയ സമയത്ത് ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. അതിക്രമിച്ചു കയറിയ യുവാക്കള്‍ ബ്രൂണയുടെ അച്ഛനേയും അമ്മയേയും കെട്ടിയിട്ട ശേഷം വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള പലതും അപഹരിച്ചു. പഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്. ബ്രൂണയുടെ മാതാപിതാക്കള്‍ക്ക് സാരമായപരുക്കുകളില്ലെന്നാണ് വിവരം. വീട്ടില്‍നിന്ന് ശബ്ദം കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് 20കാരന്‍ അറസ്റ്റിലായിട്ടുണ്ട്.
മോഷണവസ്തുക്കള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമണത്തിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്നൊരു മോശം ദിവസമാണെന്നും ബ്രൂണയുടെ മാതാപിതാക്കള്‍ ആക്രമിക്കപ്പെട്ടുവെന്നും നെയ്മര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്.