മുംബൈ: കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍. ബിജെപി ലീഡറും മഹാരാഷ്ട്ര റോഡ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയുമായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് ആണ് അറസ്റ്റിലായത്. അശ്വജിത്തിനെതിരെ കാമുകിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പ്രിയ സിംഗ് ആണ് രംഗത്തെത്തിയത്. അശ്വജിത്ത് താനുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹതിനാണെന്ന കാര്യം ഇയാള്‍ തന്നില്‍ നിന്ന് മറച്ചുവെച്ചുവെന്നും പ്രിയ സിംഗ് ആരോപിച്ചു.
അശ്വജിത്ത് തന്നെ മര്‍ദ്ദിച്ചുവെന്നും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് കാമുകിയുടെ പരാതി. വിവാഹിതനായിരുന്ന കാര്യം മറച്ചു വെച്ചത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയുമായി അകന്നു കഴിയുകയാണെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അശ്വജിത്ത് പറഞ്ഞു. കുറേക്കാലം തങ്ങളൊരുമിച്ചാണ് താമസിച്ചത്. എന്നാല്‍ അടുത്തിടെ ഇയാളെ ഭാര്യയ്‌ക്കൊപ്പം തനിക്ക് ഷോക്കായെന്നും അക്കാര്യം ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കേസന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അശ്വജിത്തില്‍ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ പിടിച്ചെടുത്തു. കേസില്‍ മുഖ്യപ്രതി അശ്വജിത്തിനൊപ്പം റോമില്‍ പട്ടേല്‍, സാഗര്‍ ഷെഡ്ഗെ എന്നിവരെയും എസ്‌ഐടി അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8.50നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും മുംബൈ വെസ്റ്റ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം യുവതിടെ വെളിപ്പെടുത്തല്‍ പണം തട്ടാനുള്ള ശ്രമമാണെന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നുമാണ് അശ്വജിത്തിന്റെ പ്രതികരണം.