ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ച ഓസീസ് താരം മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ്. 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ആറ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയാണ് വിവാദ സംഭവം അരങ്ങേറിയത്. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വളരെ വേഗം വൈറലായിരുന്നു. ഇതിലൊരു ചിത്രമാണ് വിവാദത്തിന് കാരണമായത്.
ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷ് വേള്‍ഡ് കപ്പ് ട്രോഫിയില്‍ കാല് കയറ്റിവെച്ച ചിത്രമായിരുന്നു അത്. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാട്ടിയ മാര്‍ഷിന്റെ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ പണ്ഡിറ്റ് കേശവാണ് താരത്തിനെതിരെ പരാതി നല്‍കിയത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയാണ് അദ്ദേഹം വിഷയം രൂക്ഷമാക്കിയത്.
അഭിമാനകരമായ ലോകകപ്പ് ട്രോഫിയോട് കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടി മാര്‍ഷിനെ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് നിരോധിക്കണമെന്ന് കേശവ് പരാതിയില്‍ ആവശ്യപ്പെടുന്നു. ചിത്രം വൈറലായതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യ, ഫൈനല്‍ മത്സരത്തില്‍ നിരാശാജനകമായ തോല്‍വിയാണ് നേരിട്ടത്. തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ടീം ആരാധകരുടെ ശ്രദ്ധ തിരിച്ചു കൊണ്ടാണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ വിവാദ ചിത്രം വൈറലായത്.