മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയാല്‍ ഇന്ത്യന്‍ പൗരത്വം ഇല്ലാതാകുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ പൗരത്വം ഓട്ടോമാറ്റിക്കായി ഇല്ലാതാകുന്ന 1995ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്
ഭരണഘടനാ പണ്ഡിതനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പബ്ലിക് ലോ ചെയറുമായ പ്രൊഫസര്‍ തരുണാഭ് ഖൈതാന്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു.
1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 9(1), സെക്ഷന്‍ 4(1), സെക്ഷന്‍ 4(1എ) എന്നിവയിലെ രണ്ടാമത്തെ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ഖൈതാന്‍ ചോദ്യം ചെയ്തു. മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ പൗരത്വം ഇല്ലാതാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖൈതാന്‍ വാദിച്ചു. ഇത് അവകാശ നിഷേധമാണെന്നും ഖൈതാന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
അതേസമയം ഇരട്ട പൗരത്വത്തിന് പൊതു അംഗീകാരം തേടുന്നില്ലെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിയമം ജന്മ രാജ്യമോ, അല്ലെങ്കില്‍ താമസിക്കുന്ന രാജ്യമോ ഏതെങ്കിലും ഒന്നു മാത്രം തിരഞ്ഞെടുക്കാന്‍ വ്യക്തികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഖൈതാന്‍ വിശദീകരിച്ചു. ഇന്ത്യന്‍ പൗരത്വം ഇല്ലാതായതിനു ശേഷം ലഭിക്കുന്ന ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഹോള്‍ഡര്‍’ പദവി പൗരത്വം നല്‍കുന്ന ആനുകൂല്യങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഖൈതാന്‍ പറഞ്ഞു.
2013 മുതല്‍ തനിക്ക് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഇന്ത്യന്‍ പൗരത്വം ഇല്ലാതാകുമെന്നതിനാല്‍ താനതിന് അപേക്ഷിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ബ്രിട്ടീഷ് പൗരത്വം ഏറ്റെടുക്കുന്നത് 1955 ലെ പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 9 പ്രകാരം ഒരാളുടെ പൗരത്വം സ്വമേധയാ ഇല്ലാതാകുന്നതിന് കാരണമാകും. തരുണാഭ് ഖൈതാന്റെ ഭാര്യ ബ്രിട്ടീഷ് പൗരയാണ്. നിയമത്തിലെ സെക്ഷന്‍ 4(1), സെക്ഷന്‍ 4(1)A എന്നിവ പ്രകാരം, ഭാവിയില്‍ കുട്ടികള്‍ അവരുടെ പിന്തുടര്‍ച്ചാവകാശപ്രകാരമുള്ള ഇന്ത്യന്‍ പൗരത്വം തിരഞ്ഞെടുക്കണോ അതോ ജനനം പ്രകാരമുള്ള ബ്രിട്ടീഷ് പൗരത്വം തിരഞ്ഞെടുക്കണോ എന്ന് ആശങ്കപ്പെടേണ്ടി വരും. ഇതിനാലാണ് താന്‍ ഈ നിയമത്തെ ചോദ്യം ചെയ്യുന്നതെന്നും ഖൈതാന്‍ ഹര്‍ജിയില്‍ പറയുന്നു.