അയോധ്യ: സനാതനധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന്റെ തലയെടുക്കാൻ ആഹ്വാനം നടത്തി അയോധ്യയിലെ സന്യാസി. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. പ്രകോപനപരമായ ആഹ്വാനവുമായി അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിൽ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെ,”ന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മ ഉള്‍പ്പെടെ ഉദയനിധി പ്രസംഗിച്ച വേദിയിൽ ഉണ്ടായിരുന്നു. പരാമർശം വാർത്തയായതോടെ ബിജെപി അത് വിവാദമാക്കി. ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്. പരാമർശത്തിൽ, മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിച്ചു.