
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിനെതിരായ നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ സജീവന്‍ പണം വാങ്ങിയതായി സ്ഥിരീകരിച്ച് പോലീസ്. കേസില്‍ കോഴിക്കോട് സ്വദേശിയായ ലെനിന്‍, പത്തനംതിട്ട സ്വദേശി അഖില്‍ സജീവ് എന്നിവരെ പ്രതി ചേര്‍ത്തു. വഞ്ചനാക്കുറ്റം ആള്‍മാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിയമന കോഴക്കേസിലെ കൈക്കൂലി ഇടപാട് പൊലീസ് സ്ഥിരീകരിച്ചത്. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് പരാതിക്കാരന്‍ കൈമാറിയത്. ഹരിദാസന്‍ അഖില്‍ സജീവനും ലെനിനും പണം നല്‍കിയത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും പൊലീസ് കണ്ടെത്തി. മകന്റെ ഭാര്യയുടെ നിയമനത്തിനായി ഏപ്രില്‍ പത്തിന് ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന് കൈക്കൂലി നല്‍കിയെന്നാണ് ഹരിദാസന്‍ അവകാശപ്പെടുന്നത്.
എന്നാല്‍ പത്തിന് സെക്രട്ടറിയേറ്റ് പരിസരത്ത് ഹരിദാസന്‍ എത്തിയിട്ടില്ലെന്ന് സിസിടിവി പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 11 നാണ് ഇയാള്‍ സെക്രട്ടറിയേറ്റിലെത്തിയത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചാണ് സന്ദേശമയച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഓഫീസിനോ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനോ ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.