ബാബർ അസം പാക്ക് നായക സ്ഥാനം ഒഴിഞ്ഞു

ലാഹോർ : ക്രിക്കറ്റ്‌ ലോകകപ്പിലെ പുറത്താകലിന്‌ പിന്നാലെ ബാബർ അസം പാകിസ്ഥാൻ ക്യാപ്‌റ്റർ സ്ഥാനം ഒഴിഞ്ഞു. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ലോകകപ്പിൽ പാക്കിസ്ഥാൻ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെയാണു ബാബർ സ്ഥാനമൊഴിഞ്ഞത്. ‘ഇന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഞാന്‍ പടിയിറങ്ങുകയാണ്. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. മൂന്നു ഫോർമാറ്റുകളിലും ഒരു അംഗമെന്ന നിലയിൽ പാക്ക് ടീമിലുണ്ടാകും. വലിയ ഉത്തരവാദിത്തം എന്നെയേൽപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് എന്റെ നന്ദി അറിയിക്കുന്നു.’’– ബാബർ അസം പ്രതികരിച്ചു.

ഏഷ്യാ കപ്പിലും തുടർന്നു വന്ന 2023 ഏകദിന ലോകകപ്പിലും മോശം പ്രകടനമായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ടീമിന്റേത്. ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയായി. ബാബർ അസമിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. നായക സ്ഥാനത്തേക്ക് പകരക്കാരനെ ഇതുവരെ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. 

പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ബൗളിംഗ് കോച്ചായിരുന്ന മോര്‍ണി മോര്‍ക്കല്‍ നേരത്തെ രാജിവച്ചിരുന്നു. ടീമിന്റെ മാസം നില തുടരുന്നതിനാൽ ബാബറിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ചർച്ചകൾ സജീവമായിരുന്നു. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 320 റൺസ് നേടി പാകിസ്താന്റെ ടോപ് സ്കോറെർമാരിൽ ഒരാളായാണ് ബാബർ ടൂർണമെന്റ് അവസാനിപ്പിച്ചത്.

Babar Azam Steps Down As Pakistan Cricket Team Captain