ആകാശത്തു വച്ച് പിഞ്ചുകുഞ്ഞിന് ശ്വാസതടസ്സം; രക്ഷകരായത് സഹയാത്രികരായ ഡോക്ടർമാർ

റാഞ്ചി: വിമാനത്തിൽ വച്ച് 6 മാസം പ്രായമുള്ള ഹൃദ്‌രോഗിയായ കുട്ടിക്ക് ഗുരുതര ശ്വാസ തടസ്സമുണ്ടായപ്പോൾ തുണയായത് സഹയാത്രികരായ ഡോക്ടർമാർ. റാഞ്ചിയിൽ നിന്നു ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. ഡോക്ടറും ഐഎഎസ് ഓഫിസറുമായ നിതിൻ കുൽക്കർണിയും റാഞ്ചി സദർ ആശുപത്രിയിലെ ഡോ. മൊസമിൽ ഫിറോസുമാണ് വിമാനത്തിനുള്ളിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയത്.

മാതാപിതാക്കൾ കുട്ടിയെ റാഞ്ചിയിൽനിന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു ചികിത്സയ്ക്കായി കൊണ്ടു വരികയായിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് യാത്രക്കാരിൽ ഡോക്ടർമാരുണ്ടെങ്കിൽ അടിയന്തര ചികിത്സ നൽകണമെന്ന് അനൗൺസ് ചെയ്തു. ജാർഖണ്ഡ് സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ അതുൽ കുൽക്കർ‌ണി ഉടൻ തന്നെ കുട്ടിക്ക് അരികിലെത്തി. പിന്നാലെ ഡോ. മൊസമിൽ ഫിറോസുമെത്തി.

വിമാനത്തിനുള്ളിൽ കുട്ടികൾക്കുള്ള ഓക്സിജൻ മാസ്കോ മറ്റു സംവിധാനങ്ങളോ ലഭ്യമല്ലായിരുന്നു. മുതിർന്നവർക്കുള്ള ഓക്സിജൻ മാസ്ക് കുട്ടിക്ക് നൽകികുത്തിവയ്പ് കൂടി നൽകിയതോടെ ആശ്വാസമായി. മരുന്ന് മാതാപിതാക്കളുടെ കൈവശമുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മെഡിക്കൽ സംഘം എത്തി ഓക്സിജൻ നൽകി ആശുപത്രിയിലേക്കു മാറ്റി.

ഡോക്ടർമാരെ അഭിനന്ദിച്ച് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരൻ എ.എസ്. ദിയോൾ എക്സിൽ കുറിപ്പുമിട്ടു. ഡോക്ടർമാർ ദൈവം അയയ്ക്കുന്ന മാലാഖമാർ ആണെന്ന് അദ്ദേഹം കുറിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ടാഗ് ചെയ്താണ് ദിയോൾ പോസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide