അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം ബാന്ദ്രയ്‌ക്കെതിരെ മോശം നിരൂപണം നടത്തിയ വ്‌ലോഗര്‍മാര്‍ക്കെതിരെ പരാതിയുമായി നിര്‍മ്മാതാവ് രംഗത്ത്. ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ മോശം നിരൂപണം നടത്തിയ വ്‌ലോഗര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് പരാതി.
ബാന്ദ്ര റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ ഏഴോളം വ്‌ളോഗര്‍മാര്‍ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിനെതിരെ വളരെ മോശം റിവ്യൂ നടത്തിയ വ്‌ളോഗര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തെന്നിന്ത്യന്‍ താരം തമന്നയാണ് ബാന്ദ്രയിലെ നായിക.