കാവേരി പ്രശ്നത്തില്‍ സ്തംഭിച്ച് കര്‍ണാടക; 44 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

ബംഗലൂരു: കാവേരി നദീജല പ്രശ്നത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ സ്തംഭിച്ചിരിക്കുകയാണ് കര്‍ണാടകം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രതിമയില്‍ ചെരുപ്പ് മാല അണിയിച്ചൊക്കെയാണ് പലയിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. ഇതോടെ കാവേരി തര്‍ക്കം വീണ്ടും കര്‍ണാടക-തമിഴ്നാട് സംഘര്‍ഷമായി മാറുമോ എന്ന ആശങ്കയാണ്. അനിഷ്ടസംഭവങ്ങൾ തടയാൻ ബംഗളുരുവിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനത്തു ബന്ദ് അനുകൂലികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും എവിടെയും വഴി തടഞ്ഞുള്ള സമരമില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. പൊതു ഗതാഗത സർവീസുകൾ ഉണ്ടെങ്കിലും വിദ്യാഭ്യാസ-ഐടി സ്ഥാപനങ്ങൾ നേരത്തെ അവധി പ്രഖ്യാപിച്ചതിനാൽ യാത്രക്കാരുടെ എണ്ണം കുറവാണ്. മെട്രോ സർവീസുകളും തടസമില്ലാതെ നടക്കുന്നുണ്ട്.

അതേസമയം, ബെംഗളൂരുവിൽ കടകമ്പോളങ്ങൾ, സിനിമാ തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രസേനയെ വിന്യസിച്ചാണ് ബംഗളുരുവിൽ സർക്കാർ ബന്ദിനെ നേരിടുന്നത്. തമിഴ്‌നാട് സ്വദേശികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ ദ്രുതകർമസേനയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കന്നഡരക്ഷണ വേദികെയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികൾ നടക്കുകയാണ്. മൈസൂർ, മണ്ടിയ, ബെലഗാവി എന്നിവിടങ്ങളിൽ ദേശീയപാതകൾ സമരക്കാർ ഉപരോധിക്കുന്നുണ്ട്.

കര്‍ഷക സമരം ബന്ദായി മാറിയ സാഹചര്യത്തില്‍ കര്‍ണാടകത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വളരെ അധികം കുറ‍ഞ്ഞു. ഇതോടെ നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഇതികനം 44 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എന്നാണ് വിമാന കമ്പനികളില്‍ നിന്ന് കിട്ടുന്ന വിവരം. മുബൈ, മംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.

കാവേരി നദിയിൽനിന്ന് തമിഴ്‌നാടിനുള്ള ജലവിഹിതം നല്കരുതെന്നാവശ്യപ്പെട്ടാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 5000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നൽകണമെന്നാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദേശം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കാവേരി നദീജലം പങ്കുവെക്കുന്നത്. അതേസമയം കര്‍ണാടത്തില്‍ ഇപ്പോഴും കാവേരി പ്രശ്നത്തില്‍ സമരം ആരംഭിച്ചതോടെ വീണ്ടും അന്തര്‍സംസ്ഥാന തര്‍ക്കം രൂക്ഷമാവുകയാണ്. കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ഷകര്‍ സമരത്തിലാണ്.

Bandh in Karnataka over Cauvery water dispute many flights cancelled

More Stories from this section

family-dental
witywide