ടെഹ്റാൻ: ഡിസംബർ 23ന് രാസവസ്തുക്കളുമായി വരികയായിരുന്ന കപ്പലിന് നേരെ ഗുജറാത്ത് തീരത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ പങ്കുണ്ടെന്ന യുഎസിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്ന് ലോഞ്ച് ചെയ്ത ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച പെന്‍റഗൺ ആരോപിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 10 മണിയോടെ വെരാവലിന് തെക്ക് പടിഞ്ഞാറ് 200 നോട്ടിക്കൽ മൈൽ അകലെയാണ് സ്ഫോടനം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ തീപിടിത്തത്തിൽ കപ്പലിന്റെ ചിലഭാഗങ്ങൾക്ക് കുറച്ച് കേടുപാടുകൾ സംഭവിച്ചുണ്ട്.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ യമനിലെ ഹൂതി വിമതർക്ക് സഹായം നൽകുന്നത് ഇറാനാണെന്ന് നേരത്തെ തന്നെ യുഎസ് ആരോപിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതും ഇറാൻ തള്ളിയിരുന്നു. ഹൂതികൾ സ്വന്തം നിലക്കാണ് ഇടപെടുന്നതെന്നും അതിൽ ഇറാന് പങ്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രയേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ശനിയാഴ്ച എം.വി. കെം പ്ലൂട്ടോ എന്ന കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. 20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവർ സുരക്ഷിതരാണ്.