തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി, ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് അറസ്റ്റിലായ പ്രതി കെ പി ബാസിത്. ഹരിദാസില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ബാസിത് കുറ്റസമ്മതം നടത്തി. ബാസിത്തിനെ നാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
കേസിലെ മുഖ്യ ആസൂത്രകന്‍ ബാസിത് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മഞ്ചേരിയില്‍ നിന്നാണ് ഇയാള്‍ കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്. ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസന്‍ മൊഴിനല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് ബാസിതും സംഘവുമാണെന്നും പരാതി ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നും ഹരിദാസന്‍ പറഞ്ഞിരുന്നു. എന്തിനാണ് അഖില്‍ മാത്യുവിന്റെ പേര് എഴുതിയത് എന്ന് ചോദിച്ചപ്പോള്‍ തന്നെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസന്‍ പറയുന്നു.
അതേസമയം നിയമോപദേശത്തിന് ശേഷമായിരിക്കും ഹരിദാസനെ പ്രതിയാക്കണേ സാക്ഷിയാക്കണോ എന്ന കാര്യം പൊലീസ് തീരുമാനിക്കുക. ഹരിദാസനേയും ബാസിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും പൊലീസ് കടന്നേക്കും. ഇപ്പോള്‍ ഹരിദാസനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.
ഹോമിയോ ഡോക്ടര്‍ തസ്തികയില്‍ നിയമിക്കാമെന്ന് വാഗ്ദാനം നല്‍കി ഹരിദാസന്റെ കയ്യില്‍നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ പരാതി. തുടര്‍ന്ന് പരാതിയില്‍ ആരോപിക്കുന്ന ദിവസം അഖില്‍ മാത്യു സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.