പലസ്തീനെ അനുകൂലിച്ച തൻ്റെ വിദ്യാർഥികൾക്ക് ജോലി കൊടുക്കരുതെന്ന് ലോ കോളജ് പ്രഫസർ

കലിഫോർണിയ : കടുത്ത ആൻ്റി സെമറ്റിക് നിലപാട് എടുക്കുന്ന ജൂത വിരുദ്ധരായ തൻ്റെ വിദ്യാർഥികൾക്ക് ജോലി കൊടുക്കരുത് എന്ന് തൊഴിലുടമകളോട് നിർദേശിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു പ്രഫസർ. കലിഫോർണിയയിലെ ബെർക്ക്ലി ലോ കോളജിലെ പ്രഫസർ സ്റ്റീവൻ ഡേവിഡോഫ് സോളമൻ എന്ന അധ്യാപകനാണ് ഈ അഭിപ്രായം. ഇദ്ദേഹം കോർപറേറ്റ് ലോ ആണ് പഠിപ്പിക്കുന്നത്. വോൾ സ്ട്രീറ്റ് ജേണലിൽ ഇദ്ദേഹം എഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

‘എൻ്റെ വിദ്യാർഥികൾ അവരുടെ അക്കാദമിക് മേഖലയിൽ മിടുക്കരാണ്. പല കോർപറേറ്റ് തൊഴിൽ ഉടമകൾക്കും ഞാൻ അവരെ റെക്കമൻഡ് ചെയ്യാറുണ്ട്. എന്നാൽ അവരിൽ ചിലർ വെറുപ്പിൻ്റെ വക്താക്കളും വിവേചനം ജീവിതത്തിൻ്റെ ഭാഗമാക്കിയവരുമാണ്. ഇത്തരത്തിലുള്ളവർക്ക് തൊഴിൽ കൊടുക്കണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് ആലോചിക്കാം’. ഇസ്രയേൽ – ഹമാസ് ആക്രമണത്തിൽ ഇസ്രയേലിനെതിരെ നിലപാട് സ്വീകരിച്ച വിദ്യാർഥികളുടെ നിലപാടാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.

കോളജിലെ നിയമ വിദ്യാർഥികളുടെ ഗ്രൂപ് പുതിയ ബൈലോ കൊണ്ടുവന്നിരുന്നു. സയണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇസ്രയേലിൻ്റെ നിലപാടുകളോട് യോജിക്കുന്ന ആരെയും കോളജിൽ പ്രസംഗത്തിനായി ക്ഷണിക്കില്ല എന്നായിരുന്നു അത്. പലസ്തീൻ വിദ്യാർഥികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് ഇത്തരം തീരുമാനമെടുത്തതെന്ന് വിദ്യാർഥികൾ വ്യക്തമാക്കുന്നു.