മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ-ദി കോർ എന്ന ചിത്രത്തെ പ്രശംസിച്ച് തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭു. കാതൽ ഈ വർഷത്തെ മികച്ച ചിത്രമാണെന്നും മമ്മൂട്ടി തന്റെ ഹീറോ ആണെന്നും സമാന്ത പറഞ്ഞു. സോഷ്യൽ മീഡിയയിലാണ് സമാന്ത ഇക്കാര്യം കുറിച്ചത്.
‘മനോഹരമായ സിനിമയാണിത്. എല്ലാവരും ഈ സിനിമ കാണണം. മമ്മൂട്ടി സാർ, നിങ്ങളാണ് എന്റെ ഹീറോ, ജ്യോതിക ലൗ യൂ. ജിയോ ബേബി, ഐതിഹാസികം,’ സമാന്ത കുറിച്ചു.
സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതൽ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.