‘ക്രിസ്മസ് ട്രീ ഇല്ല, സന്തോഷമില്ല…ഒരു തീര്‍ത്ഥാടകനോ, വിനോദസഞ്ചാരിയോ ഇതുവഴി വന്നിരുന്നെങ്കില്‍….ബെത്‌ലഹേം തേങ്ങുന്നു…

ബെത്ലഹേം: ബെത്ലഹേം സാധാരണയായി ക്രിസ്മസിന് ഏറ്റവും തിരക്കുള്ള സ്ഥലമാണ്, എന്നാല്‍ ഇസ്രയേല്‍ – ഗാസ യുദ്ധം ബത്‌ലഹേമിന്റെ വിധി മാറ്റിയെഴുതുകയായിരുന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിലേക്ക് വഴിതെറ്റിപ്പോലും ആരും എത്തുന്നില്ല. യുദ്ധം വിനോദസഞ്ചാരികളെയും തീര്‍ഥാടകരെയും ഭയപ്പെടുത്തി, യാത്രകള്‍ പാതിവഴിപോലും എത്താതെ മുറിഞ്ഞുപോയിരിക്കുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും കടകളും വിജനമാക്കി യുദ്ധം ജീവനുമേല്‍ വിജയം കൊയ്‌തെടുത്തുകൊണ്ടിരിക്കുന്നു.

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ യേശു ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഇടം സാധാരണ ക്രിസ്തുമസ് കാലത്ത് ജനത്തിരക്കില്‍ ആഘോഷപൂരിതമാകാറുണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 7 മുതല്‍ ആഗോള തലക്കെട്ടുകളില്‍ ഇസ്രായേല്‍- ഹമാസ് ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നുണ്ട്. ഗാസയില്‍ ഇസ്രായേല്‍ സൈനിക ആക്രമണവും വെസ്റ്റ് ബാങ്കില്‍ അക്രമവും വര്‍ദ്ധിച്ചു വന്നു. ഇതേത്തുടര്‍ന്ന് ആരും വരുന്നില്ലെന്ന് ബെത്ലഹേമിലെ വ്യാപാരികള്‍ പറയുന്നു.

‘ഇത് എക്കാലത്തെയും മോശമായ ക്രിസ്മസ് ആണ്. ക്രിസ്മസിന് ബെത്ലഹേം അടച്ചുപൂട്ടിയിരിക്കുന്നു. ക്രിസ്മസ് ട്രീ ഇല്ല, സന്തോഷമില്ല, ക്രിസ്മസ് സ്പിരിറ്റില്ല, ബത്‌ലഹേം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു.

ജറുസലേമിന് തൊട്ടു തെക്ക് സ്ഥിതി ചെയ്യുന്ന ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്നുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റി കാണാന്‍ വരുന്ന ലോകമെമ്പാടുമുള്ള സന്ദര്‍ശകരായിരുന്നു ബെത്‌ലഹേമിന്റെ സാമ്പത്തിക സ്രോതസിലൊന്നും പ്രധാന ആകര്‍ഷണവും. എന്നാലിന്ന് കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരിക്കുന്നു.

ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റിക്ക് മുന്നിലുള്ള ആ വലിയ നടപ്പാതയുള്ള ബെത്ലഹേമിലെ മഞ്ചര്‍ സ്‌ക്വയര്‍, ശാന്തവും ഏതാണ്ട് ശൂന്യവുമായിരുന്നു, സമീപത്തെ തെരുവുകള്‍ പോലെ എല്ലായിടങ്ങളും ശൂന്യതയാല്‍ മൂടപ്പെട്ടിരിക്കുന്നതാണ് കാഴ്ച.

ആരും വരാനില്ലാത്തതിനാല്‍ കടകളും സാധനങ്ങളും വൃത്തിയാക്കി സമയം തള്ളിനീക്കുകയാണ് കച്ചവടക്കാര്‍. ശൂന്യമായ ഹോട്ടല്‍ മുറികളും ഒഴിഞ്ഞ തീന്‍മേശകളും നോക്കി നെടുവീര്‍പ്പിടുകയാണ് ഹോട്ടല്‍ ഉടമകള്‍. ചിലര്‍ ഭൂതകാലത്തിലെ ഓര്‍മ്മകള്‍ അയവിറക്കി ലോകത്തിന്റെ കോണുകളില്‍ നിന്നും എത്തിയ എന്നോ കണ്ടു മറന്ന മുഖങ്ങളെ തേടുകയാണ്.

ഒരു തീര്‍ത്ഥാടകനോ വിനോദസഞ്ചാരിയോ ഇല്ലാതെ ഏകദേശം രണ്ട് മാസമായി കാത്തിരിക്കുന്നുവെന്നും നിരാശ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമായാണ് താന്‍ കട തുറന്നിരിക്കുന്നതെന്നും പലവ്യാപാരികളും കണ്ണീരണിയുന്നതും വിജനമായ ബത്‌ലഹേം ദുഖങ്ങളില്‍ ചേരുകയാണ്.

‘ഞങ്ങള്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു. സമാധാനത്തിനായി… നിങ്ങള്‍ക്കറിയാമോ, സമാധാനം ജനിച്ച നഗരമാണ് ബെത്ലഹേം, അതിനാല്‍ അത് ലോകമെമ്പാടും സമാധാനത്തിന്റെ സന്ദേശവാഹകനാകണം…’ ബത്‌ലഹേമിലുള്ളവര്‍ക്ക് ഇതല്ലാതെ മറ്റെന്താണ് പറയാനാവുക..

More Stories from this section

family-dental
witywide