ഗാസയിൽ കൂട്ടക്കുരുതി തുടരാൻ ഇസ്രയേലിന് ഒത്താശയുമായി അമേരിക്ക. കോൺഗ്രസിനെ മറികടന്ന് ജോ ബൈഡൻ സർക്കാർ വീണ്ടും അടിയന്തര ആയുധ വിൽപ്പന നടത്തി. 1227.92 കോടി രൂപയുടെ (14.75 കോടി ഡോളർ) വിൽപ്പനയ്ക്ക് അംഗീകാരം നൽകിയെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കോൺഗ്രസിനോട് പറഞ്ഞതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കോൺഗ്രസിനെ മറികടന്ന് ഈ മാസം രണ്ടാം തവണയാണ് ബൈഡൻ സർക്കാർ ഇസ്രയേലിന് അടിയന്തര ആയുധ വിൽപ്പന നടത്തുന്നത്. ഡിസംബർ ഒമ്പതിന് 882.4 കോടിയുടെ ആയുധം വിറ്റിരുന്നു. അമേരിക്ക വംശഹത്യ ‘സ്‌പോൺസർ’ ചെയ്യുകയാണെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രയേലിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വാദം. അത്തരംഘട്ടങ്ങളിൽ കോൺഗ്രസിന്റെ അനുമതി വാങ്ങേണ്ടതില്ലെന്ന വ്യവസ്ഥയുടെ മറവിലാണ് നടപടി. ഇസ്രയേൽ മുമ്പ് വാങ്ങിയ 155 എംഎം ഷെല്ലുകൾ പ്രവർത്തിക്കാൻ ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെയാണ് ഈ പാക്കേജിലുള്ളത്.
അതേസമയം, ഗാസയിൽ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഖാൻ യൂനിസിലും റാഫയിലും വ്യാപക ആക്രമണം നടന്നു. 24 മണിക്കൂറിൽ 200 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. നുസറത്ത്–- ബുറെയ്‌ജ് അഭയാർഥി ക്യാമ്പിൽ ഇടതടവില്ലാതെ ആക്രമണം തുടരുകയാണ്. അൽ-ഖുദ്‌സ് ടിവിയിലെ മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 21,672 ആയി. ഗാസയിൽ ജനജീവിതം കൂടുതൽ ദുഷ്‌കരമാകുകയാണ്. 50,000 ഗർഭിണികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും ശരിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒൻപതുലക്ഷം കുട്ടികൾ ശൈത്യം, വിശപ്പ്, കുടിവെള്ളത്തിന്റെ അഭാവം എന്നിവയാൽ ബുദ്ധിമുട്ടുന്നുവെന്നും അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയിൽ നടപടി ആവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്‌ട്ര നീതീന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക. വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഗാസയിലെ ഇസ്രയേൽ നടപടികൾക്ക് വംശഹത്യ സ്വഭാവമുള്ളതായി ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി.ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.
Biden Bypasses congress on weapon sales to Israel