ഗര്‍ഭച്ഛിദ്രത്തിന് ടെക്സാസ് യുവതി സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതയായത് ‘അതിശയകരം’ എന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: അപകടകരമായ ഗര്‍ഭം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് സ്റ്റേറ്റ് കോടതികള്‍ പറഞ്ഞതിനെത്തുടര്‍ന്ന്, അടിയന്തര ഗര്‍ഭഛിദ്രം നടത്താന്‍ ടെക്സാസില്‍ നിന്ന് പുറത്തുപോകാന്‍ ഒരു സ്ത്രീയെ നിര്‍ബന്ധിതയാക്കിയത് ‘അതിശയകരം’ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കാന്‍ ഒരു സ്ത്രീയും കോടതിയില്‍ പോകാനോ സ്വന്തം സംസ്ഥാനം വിട്ടുപോകാനോ നിര്‍ബന്ധിതരാകരുത്. പക്ഷേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരാല്‍ ടെക്‌സാസില്‍ അതാണ് സംഭവിച്ചത്, ഇത് കേവലം അതിരുകടന്നതാണെന്ന് ബിഡന്‍ ഒരു വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവയില്‍ ബൈഡന്‍ പറഞ്ഞു.

ഡാളസില്‍ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയായ 31-കാരിയായ കേറ്റ് കോക്‌സ് 20 ആഴ്ചയില്‍ കൂടുതല്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥശിശുവിന് അപൂര്‍വമായ ജനിതക വൈകല്യമുള്ള, ഫുള്‍ ട്രൈസോമി 18 സ്ഥിരീകരിച്ചിരുന്നു. ഈ രോഗാവസ്ഥയില്‍ കുഞ്ഞ് ജനനത്തിന് മുമ്പ് മരിക്കുകയോ അല്ലെങ്കില്‍ ജനിച്ച് കുറച്ച് ദിവസം മാത്രം ജീവിക്കുകയോ ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഗര്‍ഭധാരണം അവസാനിപ്പിച്ചില്ലെങ്കില്‍ കോക്സിന്റെ ഗര്‍ഭപാത്രത്തിന് ദോഷം വരുത്തുമെന്നും അവരുടെ ഭാവിയിലെ പ്രത്യുല്‍പാദനത്തിനും അവരുടെ ജീവിതത്തിനും ഭീഷണിയാകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കോക്‌സ് ഗര്‍ഭച്ഛിദ്രത്തിന് മുതിര്‍ന്നത്. പക്ഷേ ടെക്‌സാസിലെ കര്‍ശനമായ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ കാരണം, കോക്‌സ് സംസ്ഥാനവുമായി നിയമപോരാട്ടം നടത്തുകയും തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാനം വിട്ടുപോകുകയും ചെയ്തതായി വലിയ വാര്‍ത്തായായിരുന്നു.

2022 ജൂണില്‍ രാജ്യവ്യാപകമായി ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം യുഎസ് സുപ്രീം കോടതി അസാധുവാക്കിയതോടെ നിയമം കടുക്കുകയായിരുന്നു. ബലാത്സംഗം പോലുള്ള കേസുകളില്‍ പോലും ഗര്‍ഭച്ഛിദ്രം നിരോധിച്ചിരിക്കുന്നു. ഗര്‍ഭച്ഛിദ്രം നടത്തുകയോ സഹായിക്കുകയോ ചെയ്യുന്ന ആര്‍ക്കും കേസെടുക്കാന്‍ സ്വകാര്യ പൗരന്മാരെ അനുവദിക്കുന്ന ഒരു നിയമവും ടെക്‌സാസിലുണ്ട്.

ഗര്‍ഭച്ഛിദ്രത്തിന് 99 വര്‍ഷം വരെ തടവും 100,000 ഡോളര്‍ വരെ പിഴയും ഡോക്ടര്‍മാരുടെ മെഡിക്കല്‍ ലൈസന്‍സ് അസാധുവാക്കലും അടക്കമുള്ള ശിക്ഷ ലഭിക്കും.