ഇസ്രയേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടില്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ഗാസയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതു നിര്‍ത്തിയെങ്കിലും ‘സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം’ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചത്.

‘മാനുഷിക സഹായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നവരുള്‍പ്പെടെയുള്ള ജനതയെ സംരക്ഷിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യകതയും, യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായി മാറാന്‍ സാധാരണക്കാരെ അനുവദിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസിഡന്റ് ഊന്നിപ്പറഞ്ഞുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

നെതന്യാഹുവുമായി താന്‍ ഒരു ”ദീര്‍ഘമായ സംഭാഷണം” നടത്തിയതായി വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ അതിനെ ‘ഒരു സ്വകാര്യ സംഭാഷണം’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘ഞാന്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ്’ ബൈഡന്‍ പറഞ്ഞത്.

ഇരു നേതാക്കളും ഇസ്രായേല്‍ സൈനിക പ്രചാരണത്തിന്റെ ലക്ഷ്യങ്ങളും ഘട്ടങ്ങളും ചര്‍ച്ച ചെയ്തതായും ബാക്കിയുള്ള എല്ലാ ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചതായും ബൈഡന്‍ പറഞ്ഞു.