വാഷിങ്ടൺ: ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 50 പേരെ മോചിപ്പിക്കാനും ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്താനും വേണ്ടി മധ്യസ്ഥത വഹിച്ച ഈജിപ്തിനും ഖത്തറിനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനുള്ള കരാറിനെ പ്രത്യേകം സ്വാഗതം ചെയ്ത അദ്ദേഹം, കരാറിൽ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വെടിനിർത്തലിനെ പിന്തുണച്ച ഇസ്രയേൽ സർക്കാറിനെയും പ്രധാനമന്ത്രി നെതന്യാഹുവിനെയും വൈറ്റ് ഹൗസ് അഭിനന്ദിച്ചു.
“ഹമാസ് -ഇസ്രായേൽ കരാറിന് നിർണായക നേതൃത്വം വഹിച്ച ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസിസിക്കും നന്ദി പറയുന്നു. ഈ കരാർ വഴി കൂടുതൽ അമേരിക്കൻ ബന്ദികൾക്ക് തങ്ങളുടെ വീടണയാൻ കഴിയും. എല്ലാവരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരും,” ബൈഡൻ വ്യക്തമാക്കി.
ഖത്തറിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഹമാസ് ഇസ്രയേലിൽ നിന്ന് ബന്ദികളാക്കിയവരുടെയും ഇസ്രയേലിലെ പലസ്തീൻ തടവുകാരുടെയും മോചനം കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൽക്കാലിക വെടി നിർത്തലിന്റെ അർഥം യുദ്ധം അവസാനിച്ചു എന്നല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ താൽക്കാലിക വെടി നിർത്തലിന് പകരമായി ഹമാസ് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുമെന്ന വ്യവസ്ഥയിലാണ് നെതന്യാഹു സർക്കാർ കരാറിന് തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. നാലോ അഞ്ചോ ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ട 50 ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബന്ദികളിൽ പലരും ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരക്കക്കാരായ 2 പേരേയും ഇസ്രയേലിലെ 2 സ്ത്രീകളേയും ഹമാസ് നേരത്തെ വിട്ടയച്ചിരുന്നു.
ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ പൗരന്മാർ പ്രധാന കരാറിന്റെ ഭാഗമാണോ എന്ന വ്യക്തമല്ല.