വാഹനത്തൊഴിലാളികളുടെ പിക്കറ്റിംഗില്‍ പങ്കെടുത്ത് പ്രസിഡന്റ് ജോ ബൈഡന്‍

പണിമുടക്കുന്ന വാഹനത്തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കി മിഷിഗണ്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡെട്രോയിറ്റിന് പടിഞ്ഞാറുള്ള ഓട്ടോ പ്ലാന്റിന് പുറത്ത് ബുള്‍ഹോണില്‍ തൊഴിലാളികളോട് സംസാരിച്ച പ്രസിഡന്റ് തൊഴിലാളികള്‍ ന്യായമായ വേതന വര്‍ദ്ധനവ് അര്‍ഹിക്കുന്നു എന്നു പറഞ്ഞു. സമീപകാല ചരിത്രത്തില്‍ പിക്കറ്റ് ലൈനില്‍ ചേരുന്ന ആദ്യത്തെ സിറ്റിംഗ് പ്രസിഡന്റാണ് ജോ ബൈഡന്‍.

യുഎസ് കാര്‍ നിര്‍മ്മാതാക്കള്‍ പാപ്പരത്വത്തിന്റെ വക്കിലെത്തിയപ്പോള്‍ നിങ്ങള്‍ കമ്പനിക്കു വേണ്ടി, ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്ന് 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ പരാമര്‍ശിച്ച് ബൈഡന്‍ തൊഴിലാളികളോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കമ്പനികള്‍ അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ നിങ്ങളും അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കണമെന്നും ബൈഡന്‍ പറഞ്ഞു. യുഎസ് തൊഴിലാളികളെ പിന്തുണയ്ക്കുന്നത് തന്റെ സാമ്പത്തിക നയങ്ങളുടെ പ്രധാന ഘടകമായി തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് (UAW) യൂണിയന്‍ പ്രസിഡന്റ് ഷോണ്‍ ഫെയിനും ബൈഡനൊപ്പം തൊഴിലാളികളെ അഭിസംബോധന ചെയ്തു. അവരുടെ അധ്വാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും കോര്‍പ്പറേറ്റ് അത്യാഗ്രഹത്തെ അപലപിക്കുകയും ചെയ്തു. ഞങ്ങള്‍ ശതകോടീശ്വരന്മാരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവരല്ല, പിന്തള്ളപ്പെട്ട കോടിക്കണക്കിന് വരുന്ന തൊഴിലാളിവര്‍ഗമാണ്. അവര്‍ക്കു വേണ്ടിയാണ് ഈ യുദ്ധമെന്നും ഫെയിന്‍ പറഞ്ഞു.

യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസമാദ്യമാണ് ഭാഗികമായി സമരമാരംഭിച്ചത്. വേതന വര്‍ദ്ധനവ്, കുറഞ്ഞ ജോലിസമയം, മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരുപത് സ്റ്റേറ്റുകളില്‍ നിന്നായി ആയിരത്തോളം തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമായി. ബിഗ് ത്രീ എന്നറിയപ്പെടുന്ന യുഎസിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് എന്നിവയെ ഒരേസമയം ലക്ഷ്യമിടുന്ന ആദ്യ പണിമുടക്കാണിത് .

‘വാഹന വ്യവസായത്തില്‍ തീര്‍ച്ചയായും കൂടുതല്‍ വെളിച്ചം വീശേണ്ടതുണ്ടെന്നും രാഷ്ട്രീയക്കാര്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്നും യുഎഡബ്ല്യു അംഗം ബ്രാന്‍ഡന്‍ കാപ്പെലെറ്റി പറഞ്ഞു. യൂണിയന്‍ നേതാക്കള്‍ പരമ്പരാഗതമായി ഡെമോക്രാറ്റുകളുടെ പക്ഷത്താണെങ്കിലും 2016 ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര വ്യാപാര ഇടപാടുകളെ വിമര്‍ശിക്കുകയും നിര്‍മ്മാണ ജോലികള്‍ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിന് ശേഷം ട്രംപ് തൊഴിലാളികള്‍ക്കിടയില്‍ പേരു നേടിയിരുന്നു. എന്നാല്‍ 2020ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ മറികടന്ന് ഡെമോക്രാറ്റായ ബൈഡന്‍ മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ വിജയിച്ചു. വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപ് ഈ ആഴ്ച അവസാനം മിഷിഗണ്‍ സന്ദര്‍ശിച്ച് തൊഴിലാളികളെ അഭിസംബോധന ചെയ്യും.