ഹമാസ് കുട്ടികളുടെ തലവെട്ടുന്നുവെന്ന് ബൈഡൻ; തിരുത്തി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഹമാസ് കുട്ടികളെ കഴുത്തറുത്തുകൊന്ന ദൃശ്യങ്ങള്‍ കണ്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന തിരുത്തി വൈറ്റ് ഹൗസ്. അങ്ങനെയൊരു ദൃശ്യം പ്രസിഡന്‍റ് ബൈഡൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രായേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.

ഇസ്രയേലിനെതിരായ ഹമാസ് സായുധസംഘത്തിന്റെ നടപടികള്‍ തികഞ്ഞ തിന്മയാണെന്ന് പറഞ്ഞ ബൈഡന്‍ ചിലപ്പോള്‍ അവരുടെ പ്രവര്‍ത്തികള്‍ ഐ.എസിന്റെ ഏറ്റവും മോശം ക്രൂരതകളെപ്പോലും വെല്ലുന്നതാണെന്ന് പ്രസംഗിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹമാസ് ഇസ്രയേലി കുട്ടികളെ വധിച്ചെന്ന് ബൈഡന്‍ അവകാശപ്പെട്ടത്. വൈറ്റ് ഹൗസില്‍ ജൂതനേതാക്കളുമായി സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ പരാമര്‍ശം.

‘ഈ ആക്രമണം ക്രൂരതയുടെ പ്രചാരണമായിരുന്നു, തീവ്രവാദികൾ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ എന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന. ഇത് വ്യാപകമായി പ്രചരിക്കുകയും പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ, അത്തരം ദൃശ്യങ്ങൾ ബൈഡൻ നേരിട്ട് കണ്ടിട്ടില്ലെന്ന് പിന്നീട് വൈറ്റ് ഹൗസ് വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ നിന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താക്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ പരാമർശിച്ചാണ് ബൈഡന്‍റെ പ്രസ്താവനയെന്നായിരുന്നു വൈറ്റ് ഹൗസ് വിശദീകരണം.