
പട്ന: പിന്നാക്കക്കാര്‍ക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭയില്‍ പാസായി. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പട്ടിക ജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. ഗവര്‍ണറുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.
നിയമമാകുന്നതോടെ, പട്ടിക ജാതിക്കാര്‍ക്കുള്ള സംവരണം 20 ശതമാനമായി ഉയരും. പട്ടിക വര്‍ഗ വിഭാഗത്തിനുള്ള സംവരണം രണ്ട് ശതമാനമായാണ് ഉയരുക. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവണം 43 ശതമാനമായി ഉയരും എന്നതാണ് മറ്റൊരു പ്രത്യേകത. കേന്ദ്ര നിയമമനുസരിച്ചുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനു പുറമേയാണിത്. സുപ്രീംകോടതിയുടെ 50 ശതമാനം എന്ന പരിധിക്ക് മുകളിലാണ് ബിഹാറില്‍ സംവരണം വരിക.
ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബില്‍ നിയമസഭ പാസാക്കിയത്. സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. പട്ടികജാതിക്കാരില്‍സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ആറ് ശതമാനത്തില്‍ താഴെ മാത്രമാണ്. പിന്നാക്കക്കാരും അതി പിന്നാക്കക്കാരുമായ 33 ശതമാനത്തിലധികം കുടുംബങ്ങളെയാണ് ദരിദ്രരായി തിരിച്ചിരിക്കുന്നത്. ബിഹാറിലെ 34 ശതമാനം കുടുംബങ്ങള്‍ക്കു പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെ മാത്രമാണ്.
സംസ്ഥാനത്തെ 34.13 ശതമാനം കുടുംബങ്ങള്‍ പ്രതിമാസം നേടുന്നത് 6,000 രൂപ വരെയാണ്. 29.61 ശതമാനം പേര്‍ 6000നു മുകളിലും 10,000 രൂപ വരെയും നേടുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 28 ശതമാനം പേര്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള വരുമാനത്തില്‍ ജീവിക്കുന്നു. 28 ശതമാനം പേര്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള വരുമാനത്തില്‍ ജീവിക്കുന്നു. 50,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍ വെറും നാല് ശതമാനത്തില്‍ താഴെ മാത്രമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊത്തം സാക്ഷരതാ നിരക്ക് 79.7 ശതമാനമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 22.67 ശതമാനം പേര്‍ മാത്രമാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരുടെ 24.31 ശതമാനവും അതി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 24.65 ശതമാനം പേരുമാണ് സാക്ഷരത നേടിയിട്ടുള്ളത്. പൊതുവിഭാഗത്തില്‍ ഇത് 17.45 ശതമാനം മാത്രമാണ്. 13.1 കോടിയിലധികം വരുന്ന ജനസംഖ്യയുടെ 80 ശതമാനത്തിലധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.