
പട്ന: ബിഹാറിൽ ജാതി സെൻസസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പുറത്തുവിട്ടതോടെ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. റിപ്പോര്‍ട്ടിനെതിരെ ബിജെപി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതികരണം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ വിവരിക്കാൻ നിതീഷ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വം റിപ്പോർട്ടിനെ തുറന്നെതിർക്കുമ്പോഴും യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.അവരെ സംബന്ധിച്ച് ജാതി സെൻസസിനോട് മുഖംതിരിക്കുക എന്നത് ആത്മഹത്യാപരമാണ്. കാരണം പിന്നാക്കവിഭാഗങ്ങളും അതിപിന്നാക്കാരും അവരുടെ വോട്ടുബാങ്കുകളാണ് .
ജാതി സെൻസസിലെ കണ്ടെത്തലുകൾ പ്രകാരം, ബിഹാറിലെ 13 കോടി ജനങ്ങളിൽ 36 ശതമാനം അതിപിന്നാക്കാരും 27.13 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളുമാണ്. ഇതിൽ യാദവ- മുസ്ലിം വോട്ടുകൾ ഒഴികെ മറ്റുള്ള പിന്നാക്കക്കാരിലെ നല്ലൊരു ശതമാനം വോട്ട് ബിജെപിയെ പിന്തുണക്കാരുണ്ട്.
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ പിടിമുറുക്കുന്ന ബിജെപിയുടെ പ്രധാന ആശ്രയം അതിപിന്നാക്ക- ഒബിസി വോട്ടുകളാണ്. ഇവരാണ് മിക്ക സംസ്ഥാനങ്ങളിലെയും നിർണായക ശക്തി. അവരുടെ വോട്ടുകൾ തങ്ങൾക്കൊപ്പം നിർത്താനുള്ള നീക്കത്തിലാണ് ഒരിക്കൽ പോലും സ്വയമൊരു ഒബിസി പാർട്ടിയായി അവകാശപ്പെട്ടിട്ടില്ലാത്ത കോൺഗ്രസ്. ജാതി സെൻസസിന് വേണ്ടിയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുറവിളികളെല്ലാം അതിന്റെ ഭാഗമാണ്.
ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിരുന്നു. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് വിമര്‍ശനം. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇതിനെതിരെ വിമര്‍ശനം നടത്തിയത്. ”അന്ന് പാവപ്പെട്ടവരുടെ വികാരങ്ങള്‍ കൊണ്ടാണ് അവര്‍ കളിച്ചത്. ഇന്നും അതേ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെയും ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിച്ചു. ഇന്നും അത് തന്നെയാണ് ചെയ്യുന്നത്. നേരത്തെയും ഇവര്‍ അഴിമതിക്കാരായിരുന്നു. ഇന്ന് അവര്‍ കൂടുതല്‍ അഴിമതിക്കാരാണ്”-മോദി പറഞ്ഞു.