പിന്നാക്ക വിഭാഗക്കാര്‍ ജനസംഖ്യയുടെ 63.12 ശതമാനം; ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ

പട്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിഹാറില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. അതിപിന്നാക്ക വിഭാഗം 36.01 ശതമാനവും പിന്നോക്കവിഭാഗം 27.1 ശതമാനവും പൊതുവിഭാഗം 15.52 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്‌.അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ 14.27 ശതമാനമാണ്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 19.65 ശതമാനവും പട്ടികജാതിക്കാരാണെന്നും 1.68 ശതമാനം പട്ടികവര്‍ഗവിഭാഗക്കാരാണെന്നും സെന്‍സസില്‍ പറയുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഗാന്ധി ജയന്തിദിനത്തില്‍ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദിച്ചു. സെന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഒബിസി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide