ബിഹാറില്‍ 34% കുടുംബങ്ങള്‍ക്ക് മാസവരുമാനം 6000 രൂപയില്‍ താഴെ; പട്ടികജാതിക്കാരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം 6% ന് മാത്രം

പട്ന: സര്‍ക്കാര്‍ നടപ്പിലാക്കിയ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ പ്രകാരം ബിഹാറിലെ 34 ശതമാനം കുടുംബങ്ങള്‍ക്കു പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെ മാത്രമാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 34.13 ശതമാനം കുടുംബങ്ങള്‍ പ്രതിമാസം നേടുന്നത് 6,000 രൂപ വരെയാണ്. 29.61 ശതമാനം പേര്‍ 6000നു മുകളിലും 10,000 രൂപ വരെയും നേടുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 28 ശതമാനം പേര്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള വരുമാനത്തില്‍ ജീവിക്കുന്നു.

സംസ്ഥാനത്ത് 42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. പട്ടികജാതിക്കാരില്‍സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ആറ് ശതമാനത്തില്‍ താഴെ മാത്രമാണ്. പിന്നാക്കക്കാരും അതി പിന്നാക്കക്കാരുമായ 33 ശതമാനത്തിലധികം കുടുംബങ്ങളെയാണ് ദരിദ്രരായി തിരിച്ചിരിക്കുന്നത്.
28 ശതമാനം പേര്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള വരുമാനത്തില്‍ ജീവിക്കുന്നു. 50,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍ വെറും നാല് ശതമാനത്തില്‍ താഴെ മാത്രമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ മൊത്തം സാക്ഷരതാ നിരക്ക് 79.7 ശതമാനമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 22.67 ശതമാനം പേര്‍ മാത്രമാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരുടെ 24.31 ശതമാനവും അതി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 24.65 ശതമാനം പേരുമാണ് സാക്ഷരത നേടിയിട്ടുള്ളത്. പൊതുവിഭാഗത്തില്‍ ഇത് 17.45 ശതമാനം മാത്രമാണ്.

13.1 കോടിയിലധികം വരുന്ന ജനസംഖ്യയുടെ 80 ശതമാനത്തിലധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ യാദവ, മുസ്ലീം സമുദായങ്ങളുടെ ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയും അതുവഴി രാഷ്ട്രീയ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങള്‍ക്കിടയിലാണ് രണ്ടാം ഘട്ട റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്.