തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എംപി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. മറിയക്കുട്ടിയെ കാണാന്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി ഇന്ന് രാവിലെ വീട്ടിലെത്തിയിരുന്നു. മറിയക്കുട്ടിക്ക് പിന്തുണ അറിയിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്ന് പിന്നിലെ മുഖ്യലക്ഷ്യം.
സംസ്ഥാനം തെറ്റായ കണക്കുകള്‍ നല്‍കിയതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നതെന്നും തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്നും സുരേഷ് ഗോപി ആരോപിച്ചു. പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നുണ്ട്. ഇത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോടതിയില്‍ ചീഫ് സെക്രട്ടറി കണക്ക് അവതരിപ്പിക്കട്ടെ. രണ്ട് രൂപ വച്ച് എത്ര രൂപ പിരിച്ചു. ക്ഷേമപെന്‍ഷന് മാത്രം എത്ര കൊടുത്തു. ബാക്കി വക മാറ്റി വല്ലതും ചിലവാക്കിയോ. ജനങ്ങള്‍ ഇനി ഈ തുക നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.
കൂടിക്കാഴ്ചയില്‍ ജനങ്ങള്‍ക്ക് ഇവിടുത്തെ മുഖ്യമന്ത്രിയെ പേടിയാണെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സി.പി.എം കാര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താന്‍ ചോദിക്കുമെന്നും മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.
അതേസമയം പെന്‍ഷന്‍ കിട്ടാത്തതിനെതിരെ മണ്‍ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് പ്രതിഷേധമറിയിച്ചതിനെതിനെത്തുടര്‍ന്ന് മറിയക്കുട്ടിക്കെതിരെ വ്യാജ പ്രചരണങ്ങളും ഭീഷണികളുമുണ്ടായിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു വ്യാപകമായി നടന്ന പ്രചാരണം. ഇതിനെതിരെ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി മുന്‍സിഫ് കോടതിയിലായിരിക്കും അവര്‍ മാനനഷ്ടക്കേസ് സമര്‍പ്പിക്കുക. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയിലും മറിയക്കുട്ടി വെള്ളിയാഴ്ച ഹര്‍ജി നല്‍കും.