പാര്‍ലമെന്റ് അതിക്രമം: തൃണമൂല്‍ നേതാവിനൊപ്പം ലളിത് ഝാ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യ പ്രതി ലളിതാ ഝാ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ഡോ. സുകന്തോ മജുംദാര്‍. പാര്‍ലമെന്റ് അതിക്രമത്തില്‍ ടിഎംസിയുടെ പങ്ക് അന്വേഷിക്കാന്‍ ഇതില്‍പരം എന്ത് തെളിവാണ് വേണ്ടതെന്നും സുകന്തോ മജുംദാര്‍ ചോദിക്കുന്നു.

‘ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അതിക്രമിച്ച സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ ലളിത് ഝാ വളരെ കാലമായി ടിഎംസി നേതാവ് തപസ് റോയിയുമായി അടുത്ത ബന്ധമുള്ളയാളാണ്. കേസില്‍ നേതാവിന്റെ ഒത്താശ അന്വേഷിക്കാന്‍ ഇത് മതിയായ തെളിവല്ലേ’ എന്ന അടിക്കുറിപ്പോടൊണ് ബിജെപി നേതാവ് എക്സില്‍ ചിത്രം പങ്കുവെച്ചത്.

‘പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യപ്രതി ലളിത് ഝായുടെ ടിഎംസി ബന്ധം പുറത്ത് വന്നിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും കോണ്‍ഗ്രസ്, തൃണമല്‍ കോണ്‍ഗ്രസ്, സിപിഐ (മാവോയിസ്റ്റ്) ബന്ധമുണ്ട്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ തുരങ്കം വയ്ക്കാന്‍ വേണ്ടി മാത്രമാണ് നിരാശരായ ഇന്‍ഡ്യാ സഖ്യം പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തിയെന്ന് വ്യക്തമല്ലേ? 140 കോടി ഇന്ത്യക്കാരുടെ ശബ്ദമാവുന്ന ഇടമാണ് പാര്‍ലമെന്റ്. നാണക്കേട്.’ എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, എക്സില്‍ കുറിച്ചു.

അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ ലളിത് മോഹന്‍ ഝായെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ദില്ലി പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ലളിത് മോഹന്‍ ഝാ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ ഭാഗമാണെന്നാണ് വിവരം. സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതില്‍ വ്യക്തത വരൂ എന്നായിരുന്നു പൊലീസിന്റെ വാദം.

More Stories from this section

family-dental
witywide