ഗാസ: ഗാസയുടെ സമീപ നഗരമായ അൽ സെയ്തൂണിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ക്രൈസ്തവരെ കൂടാതെ അഭയാർഥികളായ മുസ്ലിംകളും പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. ബോംബ് ആക്രമണത്തിൽ പള്ളി പൂർണമായും തകർന്നതായി പലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ ജറുസലമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് ശക്തമായി അപലപിച്ചു. വീട് നഷ്ടപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും അഭയകേന്ദ്രമായ പള്ളികളെയും മറ്റ് സ്ഥാപനങ്ങളെയുമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും പാത്രിയർക്കീസ് ചൂണ്ടിക്കാട്ടി.
ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 3785 ആയി. പ്രതിദിനം 100 കുട്ടികൾ വധിക്കപ്പെടുന്നതായും ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 1500 ൽ അധികമാണെന്നും യുകെ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സേവ് ദ ചിൽഡ്രൻ’. പറയുന്നു. 1524 കുട്ടികളും 1000 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.