
അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപം സ്ഫോടനം. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രണ്ട് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റുവെന്നും തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്.
ചാവേർ ബോംബ് സ്ഫോടനമാണ് ഉണ്ടായത്. ഭീകരരിൽ ഒരാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്നും തുർക്കി അറിയിച്ചു. വേനൽക്കാലത്തിന് ശേഷം പാർലമെന്റ് സമ്മേളനം വീണ്ടും തുടങ്ങാനിരിക്കെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് മന്ത്രി അലി യെർലിക്കായ പറഞ്ഞു. പാർലമെന്റ് സമ്മേളനം പുനഃരാരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രദേശത്ത് നിന്ന് വെടിയൊച്ചകൾ കേട്ടതായി തുർക്കി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.