യുഎസ് സ്റ്റേറ്റ് സെക്രട്ടറി വീണ്ടും ഇസ്രയേലിലേക്ക്, വെള്ളിയാഴ്ച എത്തും

വാഷിങ്ടൺ: ഇസ്രയേൽ – പലസ്തീൻ യുദ്ധം രൂക്ഷമായിരിക്കെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വീണ്ടും ഇസ്രയേൽ സന്ദർശിക്കും. വെള്ളിയാഴ്ച ഇസ്രയേലിൽ എത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ് അറിയിക്കുന്നു. അവിടെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

ഇസ്രയേലിന് യുഎസ് പിന്തുണ അറിയിക്കാനാണ് ബ്ലിങ്കൺ എത്തുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. മുമ്പ് ഇസ്രയേലിൽ എത്തിയ ബ്ലിങ്കൻ മറ്റ് അറബ് രാജ്യങ്ങളും സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു. ബ്ലിങ്കന് പിന്നാലെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഇസ്രയേൽ സന്ദർശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് അറബ് രാജ്യങ്ങളുമായി ചർച്ച നടത്താൻ സാധിച്ചിരുന്നില്ല.

ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ 1400 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 220 പേർ യുഎസ് പൌരന്മാരാണ് എന്നാണ് കണക്ക്. ഹമാസ് ബന്ദികളാക്കിയതിലും നിരവധി യുഎസ് പൌരന്മാരുണ്ട്. അതിൽ രണ്ടു പേരെ മാത്രമേ മോചിപ്പിച്ചിട്ടുള്ളു.

ഇസ്രയേലിന് അടിയന്തര സഹായം നൽകുന്നതിന് പ്രത്യേകബിൽ പാസാക്കണമെന്ന് അമേരിക്കൻ കോൺഗ്രസിനോട് ബ്ലിങ്കൻ ആവശ്യപ്പെട്ടിരുന്നു.

Blinken to visit Israel again says US State Department