‘ബ്ലൂ ഒറിജിന് എന്നെ ആവശ്യമുണ്ട്’; ആമസോണിൽ നിന്ന് ഇറങ്ങാനുള്ള കാരണം വെളിപ്പെടുത്തി ജെഫ് ബെസോസ്

ന്യൂയോർക്ക്: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സഹസ്ഥാപകൻ ജെഫ് ബെസോസ് രണ്ട് വർഷം മുമ്പാണ് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. ഇപ്പോൾ ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിന്റെ സമീപകാല എപ്പിസോഡിൽ ആമസോണിൽ നിന്ന് പടിയിറങ്ങിയതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബെസോസ്.

തന്റെ ബഹിരാകാശ പര്യവേക്ഷണ സംരംഭമായ ബ്ലൂ ഒറിജിന് തന്നെ ആവശ്യമുള്ളതുകൊണ്ടാണ് ആമസോണിൽ നിന്ന് വിരമിച്ചതെന്ന് ബെസോസ് പറയുന്നു. 1994ലാണ് ബെസോസ് ആമസോൺ സ്ഥാപിച്ചത്. ബ്ലൂ ഒറിജിനും ആമസോണും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല.

“ബ്ലൂ ഒറിജിന് കുറച്ചു വേഗത്തിൽ കാര്യങ്ങൾ നടക്കണമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആമസോണിന്റെ സിഇഒ എന്ന സ്ഥാനം ഞാൻ ഉപേക്ഷിച്ചതിന്റെ ഒരു കാരണം ഇതാണ്. ബ്ലൂ ഒറിജിന് എന്നെ ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു.

ആമസോണിന് പൂർണ്ണ ശ്രദ്ധ നൽകാത്തത് അതിന്റെ പങ്കാളികളോട് ചെയ്യുന്ന അനീതിയാകുമെന്ന് തോന്നിയെന്നും ബെസോസ് പറഞ്ഞു.

2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്. സ്ഥാനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും എന്നാൽ താനത് വളരെ ആസ്വദിക്കുന്നു​ണ്ടെന്നും അദ്ദേഹം സമ്മതിച്ചു. രണ്ടുവർഷമായി ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവിടെയാണ് ചെലവഴിക്കുന്നത്. ചെലപ്പോൾ നിരാശപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നും ബെസോസ് കൂട്ടിച്ചേർത്തു. വാഷിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹിരാകാശ യാത്ര സേവന കമ്പനിയാണ് ബ്ലൂ ഒറിജിൻ. 2022 സെപ്റ്റംബർ വരെ 32 വിനോദ സഞ്ചാരികളെ ബ്ലൂ ഒറിജിൻ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.