ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

മാഞ്ചസ്റ്റർ: മുൻ ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ഇതിഹാസം ബോബി ചാൾട്ടൻ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു. 2020ൽ ചാൾട്ടന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു.

ഇംഗ്ലണ്ടിനായി 106 മത്സരങ്ങളിൽനിന്ന് 49 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി.

ബോബി ചാള്‍ട്ടന്‍ 1937 ഒക്ടോബർ 11ന് ബ്രിട്ടനിലെ ആഷിങ്ടണിലാണ് ജനിച്ചത്. സ്‌കൂൾ പഠനത്തിനിടെ ഫുട്ബോൾ പരിശീലനം ആരംഭിച്ച ബോബി 1953 ജനുവരി 1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചേർന്നു. 1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ അദേഹം അരങ്ങേറി.

1958 ഫെബ്രുവരിയിൽ മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് ബോബിയടക്കം മാ‍ഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ 8 പേർ രക്ഷപെട്ടിരുന്നു. 1958ൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗമായ ബോബി 1958, 1962, 1966, 1970 ലോകകപ്പുകളിൽ ജഴ്‌സിയണിഞ്ഞു. 1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ ബോബിയും അംഗമായിരുന്നു. ബോബിയുടെ സഹോദരൻ ജാക്ക് ചാൾട്ടനും ആ ടീമിലുണ്ടായിരുന്നു. 1966ൽ ബാലൺ ഡി ഓർ പുരസ്‌കാരം കരസ്ഥമാക്കി ഫുട്ബോളിന്‍റെ പാരമ്യതയിലെത്തി.