
ജറുസലം: ഗാസയിലെ മനുഷ്യക്കുരുതി എല്ലാ അതിരുകളും ഭേദിച്ച് തുടരവെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നു എന്ന് ബൊളീവിയ പ്രഖ്യാപിച്ചു. ഇസ്രയേൽ അഴിച്ചുവിടുന്നത് ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ’മാണെന്ന് അവർ പറഞ്ഞു.
“ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തുന്ന അനിയന്ത്രിതവും അനുപാതമില്ലാത്തതുമായ അക്രമത്തെ ബൊളീവിയ അപലപിക്കുന്നു. അതിനാൽ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണ് ബൊളീവിയൻ വിദേശകാര്യ ഉപമന്ത്രി ഫ്രഡ്‌ഡി മാമാനി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
അക്രമം രൂക്ഷമായ ഗാസ മുനമ്പിൽ മാനുഷിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടനകളോടുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ സമീപനം അംഗീകരിക്കാനാകില്ലെന്നും ഗാസയിലേക്ക് സഹായങ്ങൾ ബൊളീവിയ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി മരിയ നില പ്രാദാ അറിയിച്ചു.
ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന്റെ പേരിൽ നയതന്ത്രബന്ധം അവസാനിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. യുദ്ധം തുടങ്ങിയപ്പോൾ തന്നെ ബൊളീവിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ആക്രമണത്തിൽ അപലപിക്കുകയും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
2009ല്‍ ഇതിനു ഗാസ മുനമ്പിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു, തുടർന്ന് 2020ൽ പ്രസിഡന്റ് ജീനിൻ അനസ് അധികാരത്തിൽ വന്നതോടെയാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്.
ബൊളീവിയക്ക് പുറമെ, അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും ഇസ്രയേലിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ചിട്ടുണ്ട്. കൂടാതെ ഇരുരാജ്യങ്ങളും ഗാസയിലെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിൽ അനുശോചിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുകയാണെന്ന് പ്രഖ്യാപിച്ച ചിലിയൻ രാഷ്‌ട്രപതി ഗബ്രിയേൽ ബോറിക് ഗാസയിലെ ജനങ്ങൾക്കുമേൽ വർഷിക്കുന്ന കൂട്ടായ ശിക്ഷ നടപടിയെ കുറ്റപ്പെടുത്തി എക്‌സിലൂടെ രംഗത്തെത്തി. അറബ് രാജ്യങ്ങൾക്ക് പുറമെ, ലോകത്ത് ഏറ്റവും വലുതും പഴക്കമുള്ളതുമായ പലസ്തീൻ സമൂഹമുള്ളത് ചിലിയിലാണ്.
കൊളംബിയൻ രാഷ്‌ട്രപതി ഗുസ്താവോ പെട്രോ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമത്തെ ‘പലസ്തീനികളുടെ കൂട്ടക്കൊല’യെന്നാണ് വിമർശിച്ചത്. മെക്സിക്കോയും ബ്രസീലുമുൾപ്പടെ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങലും ഗാസയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Bolivia cuts ties with Israel, Other Latin American countries recall envoys