സുവിശേഷ ഗായകൻ പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

റയോ ഡി ജനീറോ: ബ്രസീലിയൻ സുവിശേഷ ഗായകൻ ഗാനാലാപന പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. 30കാരനായ സുവിശേഷ ഗായകൻ പെഡ്രോ ഹെന്റിക്വസാണ് ലൈവ് പരിപാടിക്കിടെ മരിച്ചത്. പെഡ്രോക്ക് ഭാര്യയും ഒരു മകളുമുണ്ട്. ഒക്ടോബർ 19നാണ് മകൾ സോ ജനിച്ചത്.

ബ്രസീലിലെ വടക്കുകിഴക്കൻ നഗരമായ ഫെയ്റ ഡി സന്റാനയിലെ മതചടങ്ങിനിടിയിൽ തന്റെ ഹിറ്റ് ഗാനമായ ‘വയ് സേർ തയാവോ ലിൻഡോ’ ആലപിക്കവെയാണ് പെഡ്രോ കുഴഞ്ഞുവീണത്. ഗാനം പകുതിയെത്തിയപ്പോഴാണ് പാടിക്കൊണ്ടിരിക്കെ പിന്നിലേക്ക് കുഴഞ്ഞുവീണത്. സ്റ്റേജിന്റെ മുന്നിൽനിന്ന് പാടുന്നതിനൊപ്പം കാണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിലായിരുന്നു സംഭവം.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ‘എല്ലാ വിശദീകരണങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകുമെന്നും അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായ’തെന്നുമാണ് പെഡ്രോയുടെ മരണം അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ബാന്‍ഡായ ടൊഡാ മ്യൂസിക് പറഞ്ഞത്. ഹൃദയസ്പര്‍ശിയായ വരികള്‍ കൊണ്ടും ശബ്ദം കൊണ്ടും ബ്രസീലിയന്‍ ക്രിസ്ത്യന്‍ സംഗീതജ്ഞരിലും ഗായകരിലും പ്രശസ്തനായിരുന്നു പെഡ്രോ.