ജമ്മുവില്‍ പാക് റേഞ്ചേഴ്സിന്റെ വെടിവയ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ നടത്തിയ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ സാംബ ജില്ലയെ രാംഗഡിലാണ് പാക് റേഞ്ചേഴ്സ് വെടിവെപ്പ് നടത്തിയത്. ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്. വെടിയേറ്റ ബിഎസ്എഫ് ജവാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്നലെ രാത്രി 12 മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. വെടിവയ്പ് മണിക്കൂറുകള്‍ നീണ്ടുനിന്നതായും പിന്നീട് ഷെല്ലാക്രമണത്തിലേക്ക് നീങ്ങിയതായും ബിഎസ്എഫ് അറിയിച്ചു. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയതായും അതിനെ സൈന്യം ചെറുത്ത് തോല്‍പ്പിച്ചതായും ബിഎസ്എഫ് അറിയിച്ചിരുന്നു.