‘നെഹ്റുവിന്‍റെ ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മെജാൻ അന്തരിച്ചു

ന്യൂഡൽഹി∙ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിട്ട ബുധ്നി മെജാൻ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജാർഖണ്ഡിലെ ധന്‍ബാദിലെ പാഞ്ചേത്തിലായിരുന്നു അന്ത്യം. പാഞ്ചേത്തിലായിരുന്നു സംസ്കാരവും.

1959 ഡിസംബര്‍ 6ന് ദാമോദര്‍ നദിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നെഹ്റുവിനെ ബുധ്നി മാലയിട്ട് സ്വീകരിച്ചു. തന്നെ സ്വീകരിക്കാൻ ഉപയോഗിച്ച മാല നെഹ്റു തിരികെ ബുധ്നിയുടെ കഴുത്തിൽ ഇടുകയും ചെയ്തു. തുടർന്ന് ഹൈഡൽ സ്വിച്ച് അമർത്തി അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ചത് നെഹ്റുവും ബുധ്നിയും ചേർന്നായിരുന്നു.

നെഹ്റുവിനെ മാലയിട്ട സംഭവത്തിൽ ബുധ്നിയെ സാന്താൾ ഗോത്ര വിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തി. മാലയിട്ടത് വഴി ബുധ്നി നെഹ്റുവിനെ വിവാഹം കഴിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. ഇതേതുടർന്ന് നെഹ്റുവിന്‍റെ ഭാര്യ എന്നാണ് ബുധ്നി അറിയപ്പെട്ടിരുന്നത്. തുടർന്ന് ഏറെ നാൾ സമൂഹത്തിൽ ഒറ്റപ്പെട്ട അവരെ കാണാതായി. ബുധ്നിയുടെ ജീവിതം അറിഞ്ഞ രാജീവ് ഗാന്ധി ദാമോദര്‍വാലി കോര്‍പറേഷനില്‍ ജോലി നല്‍കിയിരുന്നു.