ന്യൂഡൽഹി: വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചതിന് 9,000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എഡ്‌ടെക് സ്റ്റാർഡ്അപ്പ് ആയ ബൈജൂസിന് നോട്ടീസ് അയച്ചതായി വൃത്തങ്ങൾ. എന്നാൽ, ഇഡിയിൽ നിന്ന് അത്തരം നോട്ടീസ് ലഭിച്ച വിവരം കമ്പനി നിഷേധിച്ചു.
ഇഡിയിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2011 നും 2023 നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപം എന്ന പേരിൽ ഇതേ കാലയളവിൽ ബൈജൂസ് വിദേശ അധികാരപരിധിയിലേക്ക് ഏകദേശം 9,754 കോടി രൂപ അയച്ചു.
ഇഡിയിൽ നിന്നും നോട്ടീസ് ലഭിച്ചില്ലെന്ന് എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ ബൈജൂസ് അറിയിച്ചു. “ഇത്തരം മാധ്യമ റിപ്പോർട്ടുകൾ ബൈജൂസ് നിഷേധിക്കുന്നു. കമ്പനിക്ക് അധികാരികളിൽ നിന്ന് അത്തരം ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ല,” പ്രസ്താവനയിൽ പറയുന്നു.
2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബെംഗളൂരുവില്‍ ബൈജൂസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ വിദ്യാർഥന എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ബൈജൂസ് ഏറ്റെടുക്കലുകള്‍ക്ക് തുടക്കമിട്ടു. 2022 വരെയുള്ള കാലയളവിലായി എഡ്യുടെക് രംഗത്തെ എതിരാളികളായേക്കുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളെ അടക്കം ഏറ്റെടുത്തു. ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്സ്, ഒസ്മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ആപ്പ്, സ്‌കോളര്‍, ഹാഷ്ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങി ഇരുപതിലധികം കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തത്. 2017ലാണ് ബൈജൂസ് യുണീകോണ്‍ പട്ടം സ്വന്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ൽ ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് അഞ്ചു വര്‍ഷ വായ്പ എടുത്തു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പലിശ തിരിച്ചടവില്‍ വീഴ്ചയുണ്ടായി.