കോവിഡ് കാലത്തെ അഴിമതി; ക്രമക്കേട് നടന്നെന്ന് സ്ഥിരീകരിച്ച് സിഎജി റിപ്പോര്‍ട്ട്, പിണറായിക്കെതിരെ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) പിപിഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിഎജി റിപ്പോര്‍ട്ട്. അഗ്രത ഏവിയോണ്‍ എന്ന കമ്പനിക്ക് ഒരു കോടി ഗ്ലൗസിന്റെ ഓര്‍ഡര്‍ നല്‍കിയത് സംബന്ധിച്ച ക്രമക്കേട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 41 ലക്ഷം ഗ്ലൗസ് മാത്രമാണ് കമ്പനി എത്തിച്ച് നല്‍കിയത് എന്നിരിക്കെ ബാക്കി പണം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും നേരത്തേ നല്‍കിയ കരാര്‍ കെഎംഎസ്സിഎല്‍ റദ്ദാക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

അഴിമതി സ്ഥിരീകരിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെ ഉടന്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാവണം. വില കുറച്ച് നല്‍കാമെന്ന് പറഞ്ഞ കമ്പനിയുമായുണ്ടാക്കിയ കരാര്‍ കെഎംഎസ്സിഎല്‍ റദ്ദാക്കിയത് ഉയര്‍ന്ന വിലയ്ക്കു മറ്റു കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ വേണ്ടിയായിരുന്നുവെന്ന് വ്യക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കു തന്നെ വിപണിയില്‍ കിറ്റ് ലഭ്യമായിരിക്കെയാണ് ഉയര്‍ന്ന വിലയ്ക്കു മുന്‍പരിചയമില്ലാത്ത കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതെന്നും അടിയന്തര സാഹചര്യത്തില്‍ 50% തുക മുന്‍കൂര്‍ നല്‍കി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും റൊക്കം പണം നല്‍കി സാമഗ്രികള്‍ വാങ്ങിച്ചത് ചട്ടവിരുദ്ധമാണ്. ലോകത്തിന് മുമ്പില്‍ കേരളത്തെ നാണംകെടുത്തിയ അഴിമതിയാണ് ഇതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

More Stories from this section

family-dental
witywide