മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കറുത്ത ബലൂണുകളുമായി എസ്എഫ്ഐ പ്രതിഷേധം. ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ പൊലീസ് ലാത്തി വീശി.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് ക്യാംപസിനുള്ളിലെ സെമിനാർ കോംപ്ലക്സിൽ ആരംഭിക്കുന്നതിനു മുന്നോടിയായി എസ്എഫ്ഐ പ്രവർത്തകർ പരീക്ഷാ ഭവനിലേക്ക് വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിനു സമീപത്തേക്ക് എത്തും മുൻപ് പൊലീസ് തടഞ്ഞു.
കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബലൂണുകൾ പറത്തിയും കരിങ്കൊടിയേന്തിയുമായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കരിങ്കൊടിയുമായി ചാടിവീണ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങൾ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത സംഘി ചാൻസിലർ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.