കാലിഫോർണിയ: ജാതി വിവേചനം നിരോധിക്കുന്ന ബില്‍ പാസാക്കാനൊരുങ്ങി കാലിഫോര്‍ണിയ നിയമസഭ. യുഎസില്‍ ജാതി വിവേചനത്തിനെതിരെ നിയമം പാസാക്കുന്ന ആദ്യ സ്റ്റേറ്റായി ഇതോടെ കാലിഫോര്‍ണിയ മാറും. നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ നിയമം നിലവില്‍ വരും. അതേസമയം, ബില്‍ ഒപ്പിടുന്നതില്‍ വിമുഖത കാണിക്കുന്നു എന്നാരോപിച്ച് ഗവർണർ ഗാവിൻ ന്യൂസോമിനെതിരെ സെനറ്റ് അംഗങ്ങള്‍ നിരാഹാര സമരം നടത്തി.
എന്നാല്‍, നിയമം നിലവില്‍ വരുന്നതോടെ സ്റ്റേറ്റില്‍ പൂർണമായും മതപരമായ ചടങ്ങുകളും മറ്റും നിരോധിക്കുന്ന അവസ്ഥയുണ്ടായേക്കുമെന്നാണ് നിയമത്തെ എതിർക്കുന്നവരുടെ പക്ഷം. ഫെബ്രുവരിയില്‍ സമാനമായ മറ്റൊരു നിയമം സിയാറ്റില്‍ നഗരത്തില്‍ നടപ്പിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കലിഫോര്‍ണിയയും ജാതി വിവേചനത്തെ ചെറുക്കാനായി ബില്ലെത്തിക്കുന്നത്.
ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ ഐഷ വഹാബാണ് ബില്‍ അവതരിപ്പിച്ചത്. 31 അംഗങ്ങളില്‍ അഞ്ചുപേരുടെ എതിർപ്പോടെയാണ് ബില്ല് പാസായത്. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‌ലിം, അഫ്ഗാന്‍-അമേരിക്കന്‍ വനിതയായ ഐഷ വഹാബെന്ന പ്രത്യേകതയും ഇവിടെ പരാമർശിക്കപ്പെടുന്നു.
വിവേചന വിരുദ്ധ നിയമങ്ങളില്‍ ലിംഗഭേദം, വംശം, മതം, വൈകല്യങ്ങള്‍ എന്നിവയ്ക്ക് സമാനമായി ജാതിയെയും ഒരു സംരക്ഷിത വിഭാഗമായി ചേര്‍ക്കണമെന്ന് ചൊവ്വാഴ്ച പാസാക്കിയ ബില്‍ ആവശ്യപ്പെടുന്നു. നിയമം നിലവില്‍ വരുന്നതോടെ സ്റ്റേറ്റിലെ ദക്ഷിണേഷ്യന്‍ വംശജരായ പൗരന്മാര്‍ക്ക് സാമൂഹിക സംരക്ഷണം ഉറപ്പാക്കാമെന്നാണ് ബില്ലിലെ പ്രധാന അവകാശവാദം.