ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനാൽ ഈ ആഴ്ച ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഗ്രൂപ്പ് 20 പരിപാടിയിൽ കാനഡയുടെ സെനറ്റ് സ്പീക്കർ പങ്കെടുക്കില്ല.
ന്യൂഡൽഹിയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ദ്വിദിന പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ റെയ്മണ്ട് ഗാഗ്നെ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് അറിയിച്ചു. അതേസമയം കൂടുതൽ വിവരങ്ങൾ നൽകാൻ ഓഫീസ് വിസമ്മതിച്ചു.
ഗാഗ്‌നെ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു, പങ്കെടുക്കാത്തതിന് ഒരു കാരണവും നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഗാഗ്‌നെ പങ്കെടുക്കാൻ സമ്മതിച്ചതായി ലോക്‌സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യോകത്തിൽ കാനഡയ്ക്ക് എന്തെങ്കിലും പ്രാതിനിധ്യം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. വിഷയത്തിൽ സ്പീക്കറുടെ ഓഫീസ് വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ആരോപണങ്ങളെ ‘അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു.