ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ. 2023 ജനുവരി ഒന്നു മുതലാണ് ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിക്കുന്നത്. ജീവിത ചെലവിലെ വ്യതിയാനമനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും രാജ്യം അറിയിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്.
ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം.
അടുത്തവര്‍ഷംമുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ (12,66,476.80 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 6.13 ലക്ഷം രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്. ട്യൂഷന്‍ ഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെര്‍മിറ്റിനുള്ളതുള്‍പ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു.
ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം നടപ്പാകും. രാജ്യത്തെ ജീവിതചെലവുകളുടെ സ്ഥിതിവിവരക്കണക്കിനനുസരിച്ച് ഓരോ വര്‍ഷവും തുക ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2022ല്‍ കാനഡയില്‍ 3,19,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് പഠന പെര്‍മിറ്റുണ്ടായിരുന്നത്. കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം 8,07,750 ആണ്. ഇതില്‍ 5,51,405 പേര്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് പഠന പെര്‍മിറ്റ് കിട്ടിയത്. വരുമാനത്തിന്റെ ശരാശരിയേക്കാള്‍ കൂടുതല്‍ ഭാഗം ചെലവഴിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ ഒരു വ്യക്തിക്ക് ഇനി കഴിയും.